Popular Posts

Friday, 26 October 2012

സദ്യ

                                    സദ്യ

കേരളത്തിന്റെ പരമ്പരാഗത സസ്യഭക്ഷണമാണ് സദ്യ. ഉച്ചഭക്ഷണമാണിത്്. വാഴയിലയില്‍ വിളമ്പുന്ന സദ്യയില്‍ ചോറ്, വിവിധതരം കറികള്‍, അച്ചാറുകള്‍, പായസം തുടങ്ങിയവ ഉള്‍പ്പെടുന്നു. ഉണ്ണാനിരിക്കുന്നയാളിന്റെ ഇടതുവശത്തേക്ക് അഗ്രം വരത്തക്കവിധമാണ് ഇലയിടേണ്ടത്. ഇലയുടെ പകുതിയ്ക്കു താഴെയാണ് ചോറുവിളമ്പുക. ചെറുപരിപ്പും നെയ്യും ചേര്‍ത്തുണ്ടാക്കുന്ന പരിപ്പുകറിയാണ് ചോറിനൊപ്പം ആദ്യം വിളമ്പേണ്ടത്. വിവിധ പച്ചക്കറികള്‍ക്കൊപ്പം ഉള്ളി, മുളക്, മല്ലി, തുവര, കായം എന്നിവ ചേര്‍ത്തുണ്ടാക്കുന്ന സാമ്പാറാണ് ഇതെത്തുടര്‍ന്നു വിളമ്പുന്നത്്. സദ്യയില്‍ ഒഴിവാക്കാനാവാത്ത മറ്റൊരു വിഭവമാണ് അവിയല്‍. പച്ചക്കറികള്‍, തേങ്ങ, പച്ചമുളക് എന്നിവ ചേര്‍ത്താണ് അവിയലുണ്ടാക്കുന്നത്. അടുപ്പില്‍ നിന്ന് താഴെ വച്ചാലുടന്‍ ഇതില്‍ ഒരു സ്പൂണ്‍ വെളിച്ചെണ്ണയും ഏതാനും കറിവേപ്പിലകളും ചേര്‍ത്ത് ഇളക്കുന്നു. തോരനും ഓലനുമാണ് സദ്യയിലെ മറ്റ് രണ്ട് വിഭവങ്ങള്‍. കാബേജ്, ബീന്‍സ്, പയര്‍ ഇതിലേതെങ്കിലും അരിഞ്ഞ് തേങ്ങാപീരയും വറുത്ത വറ്റല്‍മുളകും മഞ്ഞള്‍പൊടിയും ചേര്‍ത്താണ് തോരന്‍ തയ്യാറാക്കുന്നത്. തേങ്ങാപാലില്‍ മത്തങ്ങയും വന്‍പയറും ചേര്‍ത്തുണ്ടാക്കുന്ന കറിയാണ് ഓലന്‍. ഉപ്പേരി, പപ്പടം, ഇഞ്ചിക്കറി, പച്ചടി, കിച്ചടി എന്നിവയാണ് സദ്യയുടെ മറ്റു ഘടകങ്ങള്‍. നേന്ത്രക്കായ വറുത്തതാണ് ഉപ്പേരി. ഉഴുന്നു പരിപ്പുപയോഗിച്ചാണ് പപ്പടമുണ്ടാക്കുന്നത്. ഇത് എണ്ണയില്‍ പൊള്ളിച്ചെടുക്കുന്നു. നേര്‍ത്ത മധുരമുള്ള കുഴമ്പുരൂപത്തിലാണ് ഇഞ്ചിക്കറിയെങ്കില്‍ കുമ്പളങ്ങയോ വെണ്ടക്കയോ അരിഞ്ഞ് തൈരിലിട്ട് വെളിച്ചെണ്ണയും കറിവേപ്പിലയും വറ്റല്‍മുളകും കടുകും ചേര്‍ത്തതാണ് കിച്ചടി. അച്ചാറുകള്‍ സാധാരണയായി മാങ്ങയുടേതോ നാരങ്ങയുടേതോ ആയിരിക്കും. അട, തേങ്ങാപ്പാല്‍, സുഗന്ധദ്രവ്യങ്ങള്‍, കശുവണ്ടി, ഉണക്ക മുന്തിരി എന്നിവ ചേര്‍ത്ത് തയ്യാറാക്കുന്ന പായസം സദ്യയുടെ ഏതാണ്ട് മധ്യത്തില്‍ വിളമ്പും. പായസത്തിന്റെ ഇടയിലായി പാലട പ്രഥമനും പരിപ്പു പ്രഥമനും നല്‍കും. പായസത്തിനൊപ്പമാണ് പഴവും കഴിക്കേണ്ടത്. പായസത്തിനു ശേഷം രസം കൂട്ടിക്കഴിക്കുന്നതിനായി വീണ്ടും ചോറുവിളമ്പും. കുരുമുളകു പൊടിയും പുളിയും ചേര്‍ത്താണ് സുഗന്ധമുള്ള രസം ഉണ്ടാക്കുന്നത്. പച്ചമോരില്‍ മഞ്ഞള്‍പൊടിയും മുളകു പൊടിയും ഇട്ട് ചൂടാക്കിയെടുക്കുന്ന കാളനും തുടര്‍ന്ന് ഇഞ്ചിയും പച്ചമുളകുമിട്ട പച്ചമോരും വിളമ്പുന്നതോടെ സദ്യ പൂര്‍ണമാകുന്നു.

No comments:

Post a Comment