കെ.എസ്.ഇ.ബി.- യും സോളാര്‍ വൈദ്യുതിയും
ഉപഭോക്താക്കള്‍ സ്ഥാപിക്കുന്ന സോളാര്‍ പാനലുകളില്‍ നിന്ന് ഉല്പാദിപ്പിക്കുന്ന വൈദ്യുതി കെ.എസ്.ഇ.ബി. ലൈനുകളിലേക്ക് കടത്തിവിടാന്‍ അനുവദിക്കുന്ന കരടുചട്ടങ്ങള്‍ക്ക് സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷന്‍ രൂപം നല്‍കി. ഏതെങ്കിലും സമയത്ത് ഉപയോഗത്തെക്കാള്‍ കൂടുതല്‍ വൈദ്യുതി ഉല്പാദിപ്പിച്ചാല്‍ അത് വൈദ്യുതി ലൈനുകളിലേക്ക് കടത്തിവിടുകയും പിന്നീട് ആവശ്യം വരുമ്പോള്‍ തിരികെ സ്വീകരിച്ച് ഉപയോഗിക്കാനും കഴിയും. ഉല്പാദനത്തേക്കാള്‍ കൂടുതലാണ് വൈദ്യുതി ഉപയോഗമെങ്കില്‍ കൂടുതല്‍ ഉപയോഗിച്ച വൈദ്യുതിക്ക് വൈദ്യുതി ചാര്‍ജ് അടച്ചാല്‍ മതി. ഏതെങ്കിലും വര്‍ഷം മൊത്തം ഉല്പാദനം ഉപയോഗത്തേക്കാള്‍ കൂടുതലാണെങ്കില്‍ അധിക വൈദ്യുതിക്ക് ശരാശരി വില ലഭിക്കാന്‍ ഉപഭോക്താവിന് അര്‍ഹതയുണ്ടായിരിക്കും.ലൈനിലേക്ക് കടത്തിവിട്ടാല്‍ സോളാര്‍ പാനലുകള്‍ ഉപയോഗിക്കുന്നതിന് ബാറ്ററികള്‍ ആവശ്യമായി വരില്ല. കരടുചട്ടങ്ങള്‍ റഗുലേറ്ററി കമ്മീഷന്റെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. പൊതുജനങ്ങള്‍ക്ക് ഫിബ്രവരി 28 വരെ അഭിപ്രായങ്ങള്‍ അറിയിക്കാം. മാര്‍ച്ച് 19ന് കമ്മീഷന്‍ ഓഫീസില്‍ വെച്ച് നടത്തുന്ന പൊതുതെളിവെടുപ്പില്‍ ജനങ്ങള്‍ക്ക് പങ്കെടുക്കാം.