Popular Posts

Friday 26 October 2012

സദ്യയും മലയാളിയും


സദ്യ

മലയാളികളുടെ സദ്യ ഒരു സമീകൃതാഹാരമാണ്. ശരീരത്തിന് ആവശ്യമായ പോഷകങ്ങൾ കൃത്യമായ അളവിൽ ലഭിക്കുന്ന വിധത്തിലുള്ള ഒരു ആഹാരമാണ് സദ്യയിലൂടെ ലഭിക്കുന്നത്. സദ്യ വിളമ്പുന്നവരും ഉണ്ണുന്നവരും ചില ചിട്ടകളും നിബന്ധനകളും പാലിക്കേണ്ടതുണ്ട്. സദ്യയ്‌ക്കിടെ ചിലർ വിഭവങ്ങൾ രണ്ടാമത് ആവശ്യപ്പെട്ടാൽ, തവി ഇലയിൽ തൊടാതെ വേണം വിളമ്പാൻ. ഭക്ഷിച്ചുകൊണ്ടിരിക്കുന്നവരുടെ ഇല എച്ചിലാകയാൽ, തവി ഇലയിൽ മുട്ടിയാൽ അശുദ്ധിക്കു കാരണമാകും. വിളമ്പുകാർ ഊണുകഴിക്കുന്നവരെ നോക്കി വിളമ്പരുത്. അതാണ് ” പന്തിയിൽ പക്ഷാഭേദം പാടില്ല” എന്ന ശൈലിക്കു തന്നെ നിദാനം. ഊണുകഴിക്കുന്നവർ സദ്യയ്‌ക്കു ശേഷം ഒരുമിച്ചേ എഴുന്നേൽക്കാവൂ. എച്ചിൽക്കൈ, സമീപത്തിരിക്കുന്നവരുടെ ദേഹത്ത് മുട്ടാതെ സൂക്ഷിച്ചു വേണം സഞ്ചരിക്കാൻ. കൈകഴുകുന്നിടത്തും മറ്റും കായബലം കാട്ടി അപരന്റെ സ്വാതന്ത്ര്യത്തെ ഹനിക്കാനും പാടില്ല. സദ്യയ്‌ക്ക് ഒരുക്കുന്ന പച്ചക്കറികൾ, പലവ്യഞ്‌ജനങ്ങൾ എന്നിവ ഔഷധഗുണങ്ങളാൽ സമ്പുഷ്‌ടമാണ്. പാവയ്ക്കയും ചീനിയമരയ്‌ക്കയും പ്രമേഹരോഗത്തിനു പ്രതിവിധിയെങ്കിൽ, അമരയ്‌ക്ക രക്തവർധനയ്ക്കും കണ്ണിനും ഗുണകരമാണ്. വാഴപ്പഴം വിരേചനത്തിനും ചുവന്നുള്ളി ദേഹോഷ്‌ണം ശമിപ്പിക്കാനും വായുകോപം കുറയ്‌ക്കാനും സഹായിക്കും. വെളുത്തുള്ളി ആമവാതം, കൊളസ്‌ട്രോൾ, വായുകോപം എന്നിവ ശമിപ്പിക്കും. ഉലുവ നാരേറെയുള്ളതും പ്രമേഹത്തിന് ഔഷധവുമാണ്. മഞ്ഞൾ, ആഹാരത്തിലെ വിഷാംശങ്ങൾ നശിപ്പിച്ച് രുചി വർധിപ്പിക്കും. ത്വക്ക് രോഗങ്ങൾക്കും മഞ്ഞൾ ഫലപ്രദമാണ്. ശ്വാസകോശത്തിന്റെ സങ്കോചവികാസക്ഷമത കൂട്ടുന്നതാണ് ഗ്രാമ്പു. കടുക് ത്വക്ക് രോഗങ്ങൾക്കും വ്രണത്തിനും ശമനമുണ്ടാക്കും. ഏലക്കായ് ഛർദ്ദി, കാസം, അരുചി എന്നിവ ഇല്ലാതാക്കുന്നു. ചെറുപയർ പോഷകസമൃദ്ധമെന്നതിനൊപ്പം നേത്രരോഗം, കരൾവീക്കം, എന്നിവ ശമിപ്പിക്കും. വലിയ ഉള്ളി മലബന്ധം, മൂലക്കുരു, നടുവേദന, കഫം എന്നിവയ്‌ക്ക് പ്രതിവിധിയാണ്. ഇങ്ങനെ നോക്കിയാൽ സദ്യയ്‌ക്കുള്ള ഓരോ വിഭവങ്ങളും നിശ്‌ചയിച്ച നമ്മുടെ പൂർവികരുടെ ശ്രദ്ധയും സൂക്ഷ്‌മതയും എത്ര പ്രശംസിച്ചാലും അധികമാവില്ല. എരിവ്, പുളി, ഉപ്പ്, മധുരം, കയ്‌പ്, ചവർപ്പ് എന്നീ ആറു രസങ്ങളും ചേർന്ന സദ്യയുടെ വിഭവങ്ങൾ, ആയുർവേദത്തിലെ രുചിശാസ്‌ത്രപ്രകാരം തയ്യാറാക്കപ്പെട്ടവയാണ്. സദ്യ, ദിവസം ഒരു നേരം മാത്രമേ ആകാവൂ എന്നാണ് സിദ്ധവൈദ്യം പറയുന്നത്. കേരളീയന്റെ സദ്യയോളം പോഷകഗുണമുള്ള ഒരു ഭക്ഷണവും ലോകത്ത് ഒരു ജനതയ്‌ക്കും ഉണ്ടാവില്ല. ചേപ്പാട് ഭാസ്‌കരൻ‌ നായരുടെ മലയാളിസദ്യയും ആരോഗ്യവും എന്ന ഗ്രന്ഥത്തിൽ നിന്നാണ് ഈ വരികൾ. സദ്യയെപ്പറ്റിയുള്ള പുസ്‌തകമാണിത്. എന്നാൽ ഇത് ഒരു പാചകഗ്രന്ഥമല്ല. മറിച്ച് സദ്യയെ ഒരു ജനതയുടെ സാംസ്‌കാരിക പ്രവർത്തനമായിക്കണ്ട്, പഠിച്ച് ശേഖരിച്ചിരിക്കുന്ന അനേകം വിവരങ്ങളുടെ സമാഹാരമാണ്. ആഹാരവും ആരോഗ്യവും, ഭക്ഷണവും പഴഞ്ചൊല്ലുകളും, മലയാളി സദ്യ, സദ്യ പുരാണത്തിൽ, സദ്യയിലെ നമ്പൂതിരി ഫലിതങ്ങൾ, ഓണസദ്യ, സദ്യയിലെ പ്രധാനവിഭവങ്ങൾ, സദ്യ വിളമ്പുന്നതെങ്ങനെ, ചില നളപാചകക്കാർ, നൂറു പേർക്ക് ഒരു സദ്യ തുടങ്ങി 15 അധ്യായങ്ങൾ.

No comments:

Post a Comment